മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ കേരളത്തിലെ വിശ്വാസികള്‍ക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾ ലഭ്യമായിരുന്നില്ല. മലയാളദേശത്തിലെ ക്രൈസ്തവർ ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുർബ്ബാനക്രമവും ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി.എം.എസ്. മിഷനറിമാർ വന്നതോടു കൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യർ കൂടുതൽ അറിയാനിടയാവുകയും ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. 

1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു.

1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ൽ അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു.

1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജമയ്ക്കു കഴിഞ്ഞു.

1997-ല്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി NIBV (New India Bible Version) എന്ന പേരില്‍ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 2000-ത്തില്‍ വിശുദ്ധ മലയാളം ബൈബിൾ എന്ന പേരില്‍ ഡോ. മാത്യൂസ്‌ വര്‍ഗിസ്‌ പ്രസിദ്ധീകരിച്ചു. ഈ പരിഭാഷയുടെ ഇന്‍റര്‍ആക്ടിവ് സി.ഡി.യും ലഭ്യമാണ്. 2004 ഓഗസ്റ്റ് 14നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില്‍ ഇന്റർനെറ്റിൽ ആദ്യമായി നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു.

ഓണ്‍ലൈന്‍ മലയാളം ബൈബിള്‍ ആപ്ലിക്കേഷന്‍ എംബെഡ്‌ ചെയ്യുവാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങളുടെ വെബ്സൈറ്റില്‍ കോപ്പി-പേസ്റ്റ് ചെയ്യുക. 

<p><iframe height="600" src="http://www.malayalambible.info/mal-01-GEN-001.html" width="100%"></iframe></p>

മലയാളം ബൈബിള്‍ വിക്കിസോര്‍സ്

ഈ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ബൈബിള്‍ വിക്കിസോര്‍സ്സില്‍ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ അനുമതിപത്ര പ്രകാരം ലഭ്യമാക്കിയതാണ്. 1910ൽ പുറത്തിറങ്ങിയതും, പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്തതുമായ പതിപ്പിന്റെ സ്കാന്‍‍ ആണ് ഇതിനു ആധാരം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗ നിബന്ധനകൾ കാണുക.